ഒരു കുറ്റത്തിന് രണ്ട് ശിക്ഷ ഭരണഘടനാവിരുദ്ധം; പേരറിവാളനെ തനിക്ക് കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്ന് ജസ്റ്റിസ് കെ.ടി.തോമസും

എം.മനോജ് കുമാര്‍

തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് മുപ്പത്തി ഒന്ന് വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ജയില്‍ വിമോചിതനായ പേരറിവാളന്‍ (A. G. Perarivalan) ജസ്റ്റിസ് കെ.ടി.തോമസിനെ കാണണം എന്നാവശ്യപ്പെടുമ്പോള്‍ പേരറിവാളനെ തനിക്ക് കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്ന് ജസ്റ്റിസ് കെ.ടി.തോമസും. പേരറിവാളന്‍ തന്നെ കണ്ടാല്‍ കൊള്ളാം എന്ന് പറഞ്ഞത് താനറിഞ്ഞില്ല. എന്നാല്‍ പേരറിവാളനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ട്-ജസ്റ്റിസ് കെ.ടി.തോമസ്‌ അനന്ത ന്യൂസിനോട് പറഞ്ഞു.

1999 ൽ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ ബെഞ്ചാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനടക്കം ഏഴു പേർക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ പേരറിവാളനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നതും ഇതേ ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുമായിരുന്നു. ജയിൽ മോചിതനായ ശേഷം പേരറിവാളൻ നന്ദി പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസിനും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർക്കുമായിരുന്നു. തന്നെ നേരിട്ട് കാണണം എന്നുള്ള പേരറിവാളന്റെ ആവശ്യത്തെയാണ്‌ ജസ്റ്റിസ് കെ.ടി.തോമസ്‌ സ്വാഗതം ചെയ്യുന്നത്.

പേരറിവാളനെ കാണാന്‍ ആഗ്രഹിക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഞാന്‍ ആണ് പേരറിവാളനെ തൂക്കാന്‍ വിധിച്ചത്. ഞാന്‍ തന്നെയാണ് ഡബിള്‍ പണിഷ്മെന്റ് കൊടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയതും. തൂക്കാന്‍ ആണെങ്കില്‍ അന്ന് തന്നെ തൂക്കണമായിരുന്നു. പതിനാലു വര്‍ഷം കഴിഞ്ഞാല്‍ അത് ജീവപര്യന്തം തടവായി.ഒരു കുറ്റത്തിന് എങ്ങനെ രണ്ടു ശിക്ഷ നല്‍കും? കെ.ടി.തോമസ്‌ ചോദിക്കുന്നു. ഒരു ശിക്ഷ നല്‍കാനേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാലാണ് പതിനാലു വര്‍ഷം തടവ് പൂര്‍ത്തിയാക്കിയപ്പോള്‍ പേരറിവാളനെ വിടണം എന്ന് പറഞ്ഞത്. മുപ്പത് വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടി വന്നു എന്നുള്ളത് കഷ്ടമായ കാര്യമാണ്.

ശിക്ഷ ഒരാളെ നന്നാക്കാന്‍ വേണ്ടിയായിരിക്കണം നശിപ്പിക്കാന്‍ വേണ്ടി ആവരുത്. ജയിലില്‍ കിടന്നു മികച്ച രീതിയില്‍ വിദ്യാഭ്യാസം പേരറിവാളന്‍ തുടര്‍ന്ന് കൊണ്ട് പോയി. കവിത വരെ എഴുതുമായിരുന്നു എന്നാണ് അറിഞ്ഞത്. എന്തായാലും പേരറിവാളനെ കാണാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ട്-കെ.ടി.തോമസ്‌ പറയുന്നു.

പേരറിവാളന് വധശിക്ഷ വിധിച്ച ശേഷം ജസ്റ്റിസ് കെ ടി തോമസ് തന്നെ ശിക്ഷ നടപ്പാക്കുന്നതിനെതിരെ 2013ൽ രംഗത്തുവന്നിരുന്നു. പ്രതികൾക്കു മാപ്പു നൽകണമെന്നു സോണിയാ ഗാന്ധിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ പിന്നിട്ടശേഷം വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കെ.ടി.തോമസ്‌ വ്യക്തമാക്കിയത്. പേരറിവാളന്റെ വധശിക്ഷ ഇളവു ചെയ്യുന്നതിൽ ഈ നിലപാട് നിർണായകമായി. ഇതെല്ലാമാണ് തന്നെ ജയിൽമോചിതനാക്കിയതെന്നായിരുന്നു പേരറിവാളന്റെ പ്രതികരണം. സിബിഐ എസ് പിയായിരുന്ന ത്യാഗരാജന്റെ തുറന്നുപറച്ചിലും പേരറിവാളന്റെ ശിക്ഷ ഇളവു ചെയ്യുന്നതിൽ നിർണായകമായി.

അമ്മ അർപുതമ്മാളിനൊപ്പമായിരുന്നു പേരറിവാളൻ മാധ്യമങ്ങളോട് സംസാരിച്ചത്. ജയിൽമോചനത്തിന് അമ്മ അർപുതമ്മാൾ നടത്തിയ നിയമപ്പോരാട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ പേരറിവാളൻ.ഏറെ വികാരാധീനനായിരുന്നു. ഇതേ സമയം തന്നെയാണ് ജസ്റ്റിസ് കെ.ടി.തോമസിനെ കാണാന്‍ പേരറിവാളൻ ആഗ്രഹം പ്രകടിപ്പിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here