കോവിഡ് വ്യാപന സാധ്യത കൂടുതല്‍, നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യതയുണ്ടെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. രാവിലെ ഫോര്‍ട്ട് ആശുപത്രിയില്‍ ചീഫ് സെക്രട്ടറി കുത്തിവയ്പെടുത്തു. സംസ്ഥാനത്ത് നാല്പത്തഞ്ച് കഴിഞ്ഞവരുടെ വാക്സിനേഷന് ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുത്തിവയ്പെടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു. അവധി ദിവസങ്ങളിലും കോവിഡ് വാക്സീന്‍ നല്‍കാന്‍ നിര്‍ദേശം നൽകി. മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുളള സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങി 1492 കേന്ദ്രങ്ങളിലാണ് വാക്സീന്‍ വികരണം പുരോഗമിക്കുന്നത്. www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ വീടിനു സമീപമുളള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ റജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്കണം.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയോ കരുതണം. 35,01495 പേര്‍ ഇതിനകം കുത്തിവയ്പെടുത്തു. 21 ലക്ഷത്തിലേറെയും അറുപത് വയസിനു മുകളില്‍ പ്രായമുളളവരാണ്. സംസ്ഥാനത്ത് 38 ലക്ഷം പേര്‍ക്ക് കോവിഡ് വന്നു മാറിയെന്നാണ് കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here