മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി; ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല ചെയ്തത് എന്നാണ് ഇയാള്‍ തമ്പാനൂര്‍ പോലീസിനോട് പറഞ്ഞത്.

”പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയാണ് ചെയ്തത്. മൈക്കിളിന് മറ്റു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും എന്തുകൊണ്ട് തിരുവനന്തപുരത്ത് എത്തി എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് തമ്പാനൂര്‍ സിഐ പ്രകാശ് ആര്‍. അനന്ത ന്യൂസിനോട് പറഞ്ഞു.

പെണ്‍കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് ഇന്നലെ മൈക്കിളിനെ പിടിച്ച് തമ്പാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. പക്ഷെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചു. താക്കീത് ചെയ്ത് വിട്ടയച്ചാല്‍ മതി എന്നാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ പേരില്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയാണ് പോലീസ് ചെയ്തത്.

മൈക്കിള്‍ എന്തുകൊണ്ട് തിരുവനന്തപുരത്ത് വന്നു എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. പല ട്രെയിനുകളും തിരുവനന്തപുരത്ത് അവസാനിക്കുന്നതിനാല്‍ അലഞ്ഞു തിരിഞ്ഞു തിരുവനന്തപുരത്ത് എത്തുന്ന ആളുകളുടെ എണ്ണം ഈയിടെ കൂടിയതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൈക്കിളും ആ രീതിയില്‍ തിരുവനന്തപുരത്ത് എത്തിയതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഹോട്ടലിലെ ഷെഫ് എന്ന് പറയുന്ന ചെന്നൈ സ്വദേശി മൈക്കിളാണ് പിടിയിലായത്. താന്‍ ജോലി അന്വേഷിച്ചാണ് തിരുവനന്തപുരത്ത് എത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here