തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. സ്ക്രീനില്‍ തിളങ്ങവേയാണ് ശരണ്യയ്ക്ക് 2008ല്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പിന്നീട് തുടര്‍ച്ചയായ ചികില്‍സയുടെ നാളുകളായിരുന്നു. ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയിലൂടെ ട്യൂമര്‍ മാറ്റിയെങ്കിലും രോഗം പിന്നെയും ശരണ്യയെ കീഴടക്കി. ചികില്‍സാ ചെലവും പ്രതിസന്ധി സൃഷ്ടിച്ചു.
9-ാം തവണ ശസ്ത്രക്രിയ ചെയ്യാന്‍ ഒരു രൂപപോലും ഇല്ലാത്ത പ്രതിസന്ധിയിലായിരുന്നു താരം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പലയിടത്തുനിന്നും സഹായങ്ങളെത്തി. 10-ാം തവണ ശസ്ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ശരീരം ഭാഗികമായി തളര്‍ന്നു. കോതമംഗലം പീസ് വാലി ഫൗണ്ടേഷനിലെ ഫിസിയോ തെറാപ്പിയിലൂടെയാണ് വീണ്ടും നടന്നു തുടങ്ങിയത്. ആരോഗ്യസ്ഥിതി പലതവണ മോശമായിട്ടും മനക്കരുത്തുകൊണ്ട് അതിനെ നേരിട്ടു ശരണ്യ തിരികെയെത്തി. നടി സീമ ജി. നായരാണ് ശരണ്യയുടെ ചികില്‍സയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പണ്ടായിരുന്നത്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലില്‍ സജീവമായതോടെ തിരുവനന്തപുരത്തേക്കു താമസം മാറ്റുകയായിരുന്നു. അമ്മയും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ദുരിതകാലത്ത് സീരിയല്‍ കലാകാരന്‍മാരുടെ സംഘടനായ ആത്മയും സുഹൃത്തുക്കളും കൂടെനിന്നു. ചെമ്പഴന്തി അണിയൂരിലെ ‘സ്‌നേഹസീമ’ എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ച സീമ ജി.നാരോടുള്ള സ്‌നേഹ വായ്പിന്റെ പേരിലാണ് വീടിനു സ്‌നേഹസീമയെന്നു പേരിട്ടത്.