ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ മാറ്റമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈഡന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ 65 ശതമാനവും കീഴടക്കിയ താലിബാന്‍ 11 പ്രവിശ്യാതലസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മൂന്നേറ്റം തുടരുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ദോഹയിലെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും മധ്യസ്ഥനെ നിയോഗിക്കണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അക്രമം നിര്‍ത്താന്‍ രാജ്യാന്തരസമൂഹം താലിബാനെ പ്രേരിപ്പിക്കണമെന്നാണ് അഫ്ഗാന്‍ നിലപാട്. അതേസമയം അമേരിക്കൻ വ്യോമസേന താലിബാൻ ഭീകരകേന്ദ്രങ്ങൾ തകർക്കുന്നതിൽ അഫ്ഗാൻ സൈന്യത്തിന് ഒപ്പമുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഞങ്ങൾ നൽകിയ വാക്ക് പാലിക്കും. ഒപ്പം അഫ്ഗാൻ ഭരണകൂടത്തിന് വേണ്ട സൈനിക സഹായം നൽകുകയും ചെയ്യും. രാജ്യത്തെ വ്യോമസേനക്ക് മുൻ നിശ്ചയപ്രകാരമുള്ള എല്ലാ സഹായവും നൽകുകയാണ്. അഫ്ഗാൻ സൈന്യത്തിന് വേണ്ട ആയുധങ്ങളും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും ജോ ബൈഡൻ അറിയിച്ചു. പ്രവിശ്യകളിൽ താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ അഫ്ഗാൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.