അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; ഓഗസ്റ്റ് 31-ഓടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണം

കാബൂള്‍: അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നാണ് താലിബാന്‍ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഫ്ഗാന്‍ പൗരന്മാരെ ഇനിമുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു. താലിബാന്‍, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പരിശോധനകള്‍ നടത്തുന്നില്ലെന്നും മുജാഹിദ് പറഞ്ഞു. യു.എസ്., നാറ്റോ സേനയുമായി അടുപ്പം പുലര്‍ത്തിയിരുന്ന, തങ്ങളുടെ എതിരാളികളെയും അവരുടെ കുടുംബാംഗങ്ങളെയും തിരഞ്ഞ് താലിബാന്‍ വീടുകള്‍തോറും കയറി പരിശോധന നടത്തുന്നുണ്ടെന്ന് യു.എന്‍. രഹസ്യരേഖയിലെ വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുജാഹിദിന്റെ ഈ പ്രസ്താവന.

അതേസമയം, താലിബാനും സി.ഐ.എയും തമ്മില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി വില്യം ബേണ്‍സുമായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഘനി ബരാദര്‍ കാബൂളില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here