തെറ്റായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കും; ആകാശ് തില്ലങ്കേരി ഡിവൈഎഫ്ഐക്കെതിരെ

0
601

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബന്ധമുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ നടപടികള്‍ തുടങ്ങിയപ്പോള്‍ ആകാശ് തില്ലങ്കേരി ഉടക്കുന്നു. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തനിക്കെതിരെ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നു. തെറ്റായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കുമെന്നും ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. എഫ്ബി കുറിപ്പിലാണ് പ്രതികരണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ശ്രീലാലിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നിലപാട് കടുപ്പിക്കുകയും അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയേയും തളളിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്‍റിന് മറുപടിയായാണ് ആകാശ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതികരിക്കും.

ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുകയാണ്. ഷുഹൈബ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണെന്നും , അതുകൊണ്ട് താന്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് അന്വേഷണം പാനൂര്‍ , മാഹി മേഖലകളിലെ കൂടുതല്‍ പേരിലേക്ക് നീളുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളിലൊന്ന് പാനൂര്‍ സ്വദേശി ശ്രീലാലിന്‍റെതാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

സ്വര്‍ണം കടത്തുന്നയാള്‍ക്ക് അര്‍ജുനും ശ്രീലാലുമാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നാണ് ശബ്ദരേഖയില്‍ നിന്നും വ്യക്തമാകുന്നത്. അര്‍ജുനും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്‍റെ നാട്ടില്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here