ഇരട്ടസ്ഫോടനത്തിന് പിന്നാലെ വീണ്ടും ഡ്രോണുകള്‍; കാശ്മീരില്‍ സുരക്ഷ ശക്തം

ശ്രീനഗര്‍: ജമ്മുവിലെ വ്യോമസേന താവളത്തില്‍ ഇന്നലെയുണ്ടായ ഇരട്ടസ്ഫോടനത്തിന് ഡ്രോണ്‍ വഴി എത്തിച്ച സ്ഫോടകവസ്തുക്കളാണെന്ന് അന്വേഷണ സംഘം സ്ഥിരീകച്ചു. ഇതിനു . പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് മറ്റൊരു സൈനിക താവളത്തിന് സമീപം രണ്ട് ഡ്രോണുകള്‍ കണ്ടത്. ഡ്രോണുകള്‍ക്ക് നേരെ സൈനികര്‍ ഇരുപത് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം.

ഇതോടെ ഡ്രോണുകള്‍ ഇരുട്ടിലേക്ക് മറഞ്ഞു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യോമതാവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണവുമായി പുതിയ സഭവത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആവര്‍ത്തിച്ചതോടെ ജമ്മു–കശ്മീരിലെ സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചു.

ഇന്നലെയുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഉഗ്രസ്ഫോടക ശേഷിയുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നൂറ് മീറ്റര്‍ ഉയരത്തില്‍ നിന്ന് രണ്ട് കിലോവീതം സ്ഫോടകവസ്തുക്കള്‍ വ്യോമസേന താവളത്തിലേക്ക് ഡ്രോണ്‍വഴി നിക്ഷേപിച്ചുവെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ച ഡ്രോണിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ പുല്‍വാമയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസറുടെ മകളും മരിച്ചു. സ്പെഷ്യല്‍ പൊലീസ് ഓഫീസറായ ഫായിസ് അഹമ്മദിനും ഭാര്യയ്ക്കും മകള്‍ക്കും നേരെ ഇന്നലെ രാത്രിയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here