ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണക്കടത്തിയ കേസില്‍ ഇന്ത്യ യുഎഇയ്ക്ക് നോട്ടിസ് നല്‍കി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു നിര്‍ണ്ണായക നീക്കമാണ് കസ്റ്റംസ് നടത്തിയത്. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കിയത്. ഇത്തരമൊരു നീക്കം രാജ്യത്തിന്‍റെ നയതന്ത്ര ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. യുഎഇയുടെ പ്രതികരണമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സ്വന്തം പൗരന്മാരെ ഇന്ത്യയിെല നിയമനടപടിക്ക് വിട്ടുനല്‍കാന്‍ യുഎഇ തയ്യാറാകുമോയെന്നത് നിര്‍ണായകമാണ്.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പറയുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇരുവരും ഗള്‍ഫിലേയ്ക്ക് മടങ്ങിയിരുന്നു. അല്‍സാബിയുമായും റാഷിദ് ഖമീസുമായും ബന്ധപ്പെട്ടശേഷം മറുപടി നല്‍കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.
നയതന്ത്രപരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഒൗദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍ യുഎഇക്ക് കൈമാറിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.
സുരക്ഷാ ഭീഷണിയില്ലാതിരുന്നിട്ടും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടാതെ കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കി. ജര്‍മനിയില്‍ ബിസിനസ് ആവശ്യത്തിനും ദുബായില്‍ വീട് പണിയാനും അല്‍സാബിക്ക് പണം ആവശ്യമായിരുന്നു. 2019 നവംബറിനും 2020 മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന 18 നയതന്ത്ര കള്ളക്കടത്തുകള്‍ക്ക്, ഒാരോന്നിനും 1,000 യുഎസ് ഡോളര്‍ വീതം അല്‍സാബിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്.