കെ.ടി.ജലീലിനു തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവെച്ച് ഹൈക്കോടതിയും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കെ.ടി.ജലീലിനു തിരിച്ചടി. മന്ത്രി സ്ഥാനത്ത് തുടരാന്‍ ജലീലിനു അര്‍ഹതയില്ലെന്ന ലോകായുക്താ ഉത്തരവിനെതിരെ ജലീല്‍ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തള്ളി. ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതിയും ശരിവയ്ക്കുകയാണ് ഉണ്ടായത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി വിലയിരുത്തി.

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഈ ലോകായുക്ത ഉത്തരവിന് എതിരെയാണ് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത്. . തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. എജിയുടെ വാദങ്ങളാണ് കെ ടി ജലീൽ കോടതിയിലും ഉന്നയിച്ചത്. എജിയുടെ നിയമോപദേശം ലഭിച്ച ശേഷം ജലീലിനു അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ജലീലിന്‍റെ ഹർജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാട് ഹൈക്കോടതിയിൽ സ്വീകരിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിച്ചില്ലെങ്കിലും നിരുപാധികമായ പിന്തുണയാണ് ജലീലിനു സർക്കാർ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here