ധാക്ക: അഫ്ഗാനിലേക്ക് ഇന്ത്യ വഴി ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ഇതോടെ ഇന്ത്യ അതിര്‍ത്തിയില്‍ നടപടികള്‍ ശക്തമാക്കി. . ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ അതിര്‍ത്തിയില്‍ ബി.എസ്.എഫ് സുരക്ഷ ശക്തമാക്കിതാലിബാനില്‍ ചേരാന്‍ ഏതുവിധേനയും അഫ്ഗാനിസ്താനില്‍ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി ബംഗ്ലാദേശി പൗരന്‍മാര്‍ ഇന്ത്യവഴി നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ് വന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
അതേസമയം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഇതുവരെ അത്തരം ശ്രമം നടത്തിയതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബി.എസ്.എഫ് സൗത്ത് ബംഗാള്‍ ഡി.ഐ.ജി എസ്.എസ്. ഗുലേരിയ പ്രതികരിച്ചു. ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള യുവാക്കളോട് താലിബാനില്‍ ചേരാന്‍ നേരത്തെ ആഹ്വാനമുണ്ടായിരുന്നു. മുന്‍പും ബംഗ്ലാദേശില്‍ നിന്ന് താലിബാനില്‍ ചേരാന്‍ യുവാക്കള്‍ നീക്കം നടത്തിയിരുന്നു.
ഇന്ത്യയും ബംഗ്ലാദേശും സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ വിസ ലഭിക്കാനുള്ള എളുപ്പമാണ് അഫ്ഗാനിലേക്ക് കടക്കാന്‍ ഇന്ത്യയെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെന്നാണ് സൂചന. ഇതിന് പുറമേയാണ് അനധികൃതമായി നുഴഞ്ഞ് കയറാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ്.