ന്യൂഡല്‍ഹി:താലിബാന്‍ പുറമേയ്ക്ക് പറയുന്നത് പോലെയല്ല അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. അഫ്ഗാനില്‍ നിന്നും മടങ്ങുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. താലിബാന്റെ സമീപനം തികച്ചും വ്യത്യസ്തം എന്നാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നത്. ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ പേര് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തന്റെ ബന്ധുക്കള്‍ ഇപ്പോഴും അഫ്ഗാനിസ്താനിലുള്ളതിനാലാണ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള 24 മണിക്കൂര്‍ ഭീതിജനകമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് താലിബാന്റെ നിരവധി പരിശോധനകളുണ്ടാകും. രാജ്യം വിടുന്നത് അഫ്ഗാനികളാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പോലീസ് സ്‌റ്റേഷന് സമാനമായ ഒരിടത്ത് എത്തിച്ച ശേഷം ചോദ്യം ചെയ്യും.
പരിശോധനയില്‍ അഫ്ഗാനികളാണെന്ന് മനസ്സിലായാല്‍ പുറത്തേക്കുള്ള യാത്ര എളുപ്പമല്ല. അഫ്ഗാനികള്‍ രാജ്യംവിട്ട് പോകുന്നതിനെ അവര്‍ പിന്തുണയ്ക്കുന്നില്ല. പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമാണ് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുക. എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴും താലിബാന്റെ സുരക്ഷാവലയമുണ്ട്-അദ്ദേഹം പറയുന്നു.