ബംഗാളില്‍ വ്യാപക അക്രമങ്ങള്‍; പരാതിയുമായി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍

ന്യൂഡല്‍ഹി: ബംഗാള്‍-അസം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 51.5 ശതമാനവും അസമില്‍ 44.2 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയും പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന പ്രദേശത്താണ് അസമില്‍ തിരഞ്ഞെടുപ്പ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ എന്നിവരുെട മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നു. 100 ലധികം സീറ്റ് ബിജെപി സഖ്യം നേടുമെന്ന് സര്‍ബാനന്ദ സോനോവാള്‍ വോട്ട് ചെയ്തശേഷം പറഞ്ഞു.

ബിജെപി നേതാവും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ എതിരാളിയുമായ സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയുടെയും ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാര്‍ഥി സുശാന്ത് ഘോഷിന്‍റെയും വാഹങ്ങള്‍ തകര്‍ത്തു. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കി മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. കിഴക്കന്‍ മിഡ്നാപുരില്‍ വെടിവയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. കിഴക്കന്‍ മിഡ്നാപുരില്‍ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വോട്ടര്‍മാരെ സ്വാധീനക്കാന്‍ ശ്രമിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിന് സഹായം നല്‍കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അക്രമസംഭവങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുവെന്നാണ് ബിജെപിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here