വാഷിംഗ്‌ടണ്‍: ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. : നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കും എന്ന ആകാംക്ഷ നിലനിന്നിരുന്നു.
മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. ചൈനയുടെ മൂന്നാം സ്പേസ് സ്റ്റേഷൻ ദൗത്യത്തിനായി ഏപ്രിൽ 29ന് വിക്ഷേപിച്ച ലോങ് മാർച്ചിൻ്റെ ഒരു ഭാഗമാണ് ദൗത്യത്തിനു ശേഷം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നത്. 21 ടൺ ആണ് ഭാരം. എന്നാൽ ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാകും ഭൂമിയിൽ എത്തിച്ചേര്‍ന്നതെന്നും ഇതാണ് കടലില്‍ പതിച്ചതെന്നുമാണ് വിലയിരുത്തല്‍. ഇന്ന് പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്താണ് സ്പേസ് ട്രാക്ക്, എയ്റോസ്പേസ് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ റീ എൻട്രി പ്രവചിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം അക്ഷാംശം 3.9 ഡിഗ്രിക്കും രേഖാംശം 79.4 ഡിഗ്രിക്കും ഇടയിലാണ് പതനമേഖല. ഇത് ഇന്ത്യയിൽ നിന്ന് 1327 കിലോമീറ്റർ തെക്ക് ഇന്ത്യൻ സമുദ്രത്തിലാണ്. മാലദ്വീപിന് തെക്കുകിഴക്കായും ഡീഗോ ഗാർസിയയിൽ നിന്നു വടക്കുപടിഞ്ഞാറായുമാണ് ഈ മേഖല. അന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിക്കഴിഞ്ഞ ) ശേഷമേ കൃത്യമായ സ്ഥാനം നിർണയിക്കാനാകൂ.