തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകള്‍ ഇടതുമുന്നണിയ്ക്ക് അനുകൂലം. നിലവില്‍ എല്‍.ഡി.എഫ്. 89 സീറ്റിലും യു.ഡി.എഫ്. 49 സീറ്റിലും എന്‍ഡിഎ പാലക്കാട്, നേമം, തൃശൂര്‍ സീറ്റുകളിലും ലീഡ് തുടരുകയാണ്. കടുത്ത മത്സരമാണ് കേരളത്തില്‍ എന്നാണ് ആദ്യ ഫലസൂചനകള്‍ തെളിയിക്കുന്നത്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി പത്ത് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി. കാപ്പന്‍, തൊടുപുഴയില്‍ പി.ജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വടകരയില്‍ കെ.കെ. രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍. എഴുപതില്‍ അധികം മണ്ഡലങ്ങളിലാണ് ഇടതുമുന്നണി ലീഡ് തുടരുന്നത്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പി.വി അന്‍വർ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. ബിജെപി ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി, പാലക്കാട്, നേമം എന്നിവിടങ്ങളില്‍ അവര്‍ക്ക് ആദ്യഘട്ടത്തില്‍ ലീഡ് ഉണ്ട്. കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണുള്ളത്. മഞ്ചേശ്വരത്തും സുരേന്ദ്രന്‍ പിന്നിലാണ്.
പാലായില്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാല്‍ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പന്‍ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്‌തെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. വൈകാതെ മാണി സി കാപ്പന്‍ ലീഡിലേക്ക് നീങ്ങി.