ചരിത്രം തിരുത്തി ഇടതുമുന്നണി അധികാരത്തിലേക്ക്; ക്യാപ്റ്റനായി വീണ്ടും പിണറായി മുഖ്യമന്ത്രി കസേരയിലേക്ക്

തിരുവനന്തപുരം: ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും എത്തുകയുമാണ്. ഒരു സംശയവും അവശേഷിക്കാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് കേരള ജനത കരം നല്‍കിയത്. 95 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നേറുന്നത്. വെറും ഒരു സീറ്റ് കൈവശമുണ്ടായിരുന്ന ബിജെപി നേമത്തെ ലീഡ് നിലനിര്‍ത്തിയതോടൊപ്പം തൃശൂരിലും പാലക്കാടും ലീഡ് നിലനിര്‍ത്തുകയാണ്. ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ കഴിഞ്ഞ ഒരു സീറ്റുമായി സഭയില്‍ നിന്ന ബിജെപിയ്ക്ക് ഇക്കുറി ഉയര്‍ത്തിക്കാട്ടാന്‍ നേമം അടക്കം മൂന്നു അംഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതുമുണ്ട്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഇടതുമുന്നണി തന്നെ ഭരണത്തിലേക്ക് കയറുകയാണ്. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്‌നമാണ് പിണറായി ഉറപ്പാക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണ് പിണറായി വിജയന്‍ തിരുത്തിക്കുറിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകര്‍പ്പന്‍ വിജയത്തിനുള്ള സൂചന. ഫൈനലില്‍ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകന്‍ വിജയചരിത്രമെഴുതുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്. തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു അട്ടിമറികള്‍ക്കും സാധ്യതയില്ലാതെ എല്‍.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.

കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്‌, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13-ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ തുടര്‍ഭരണം എല്‍.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോള്‍ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി. ഇപ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തിലെറാന്‍ പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here