മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ്; പാര്‍ട്ടിയെ ഞെട്ടിച്ച് വീണ്ടും വ്യക്തി പൂജാ വിവാദം

0
336

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ചത് വിവാദമാകുന്നു. വ്യക്തിപൂജ വിഷയത്തില്‍ പി.ജയരാജന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുകയും ജയരാജന് പാര്‍ട്ടി ശാസന ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്ത സംഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സംഭവം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം പറഞ്ഞെങ്കിലും സംഭവം വിവാദമായി നില്‍ക്കുകയാണ്.

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്.”ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ് ആണ് പ്രത്യക്ഷപ്പെട്ടത്.

ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് വച്ചതിനെതിരെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയതോടെ ബോര്‍ഡ് അവിടെനിന്നും മാറ്റി തൊട്ടടുത്ത് സ്ഥാപിച്ചു. ബോര്‍ഡ് വച്ചതും പിന്നീട് മാറ്റി സ്ഥാപിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ ആരോപണം.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയല്ല ബോര്‍ഡ് വച്ചതെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം.

സംഭവം സോഷ്യല്‍ മീഡിയാ വിവാദമായി തുടരുകയാണ്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്‍റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്‍റെ ദൈവം പച്ചരി വിജയൻ ആണെന്നുമായിരുന്നു വി.ടി ബല്‍റാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിന് പിന്നാലെ പി വി അൻവറിൻ്റെ മറുപടി പോസ്റ്റും എത്തി ” ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണ് ഈ പച്ചരി വിജയനെന്നായിരുന്നു നിലമ്പൂർ എംഎൽഎയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here