ന്യൂഡല്‍ഹി: ലഘുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച തീരുമാനം കേന്ദ്രം പിന്‍വലിച്ചു. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പിപിഎഫിന്‍റെ പലിശ 6.4 ശതമാനമാക്കി കുറച്ചിരുന്നു. ഇത് 7.1 ശതമാനമായി തുടരും.
പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായും മുതിര്‍ന്ന പൗരന്മാരുടെ വരുമാനമാര്‍ഗമായിരുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമിന്‍റെ പലിശ 7.4 ശതമാനമായും നിലനിര്‍ത്തും. കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാന്‍ 124 മാസം മതി. 138 മാസം വേണമെന്നായിരുന്നു ഇന്നലത്തെ ഉത്തരവ്. പലിശ 6.9 ശതമാനം തന്നെയാകും. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്‍റെ വാര്‍ഷിക പലിശ നാല് ശതമാനവും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക് 6.8 ശതമാനവുമായി തുടരും.