തിരുവനന്തപുരം:കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ സംബന്ധിച്ച നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇന്നത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമില്ല. കേന്ദ്ര ബഡ്‌ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമോ എന്ന് സംസ്ഥാനം ഉറ്റുനോക്കുകയായിരുന്നു.കേരളത്തിന്റെ പ്രതീക്ഷയെ തകർത്തുകൊണ്ട് റെയിൽവേ വികസനത്തിന്റെ തുടർച്ചയായി പോലും ഇത് പരിഗണിക്കുന്നില്ല എന്നാണ് ബഡ്‌ജറ്റ് നൽകുന്ന സൂചന. ഇതോടെ പദ്ധതിയുടെ മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.
പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് ബഡ്‌ജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതുവരെ പരിസ്ഥിതി മന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള അനുമതികൾ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ധനവകുപ്പ് പണം നൽകിയാൽ തങ്ങളുടെ വിഹിതം നൽകാമെന്ന് ഇന്ത്യൻ റെയിൽവേ സർക്കാരിനും കെ റെയിലിനും ഉറപ്പ് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ബജറ്റ് ഈ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.