സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച മുഹമ്മദിനുവേണ്ടി പണം ഒഴുകിയെത്തി; മിന്നല്‍ വേഗത്തില്‍ സമാഹരിച്ചത് 18 കോടി രൂപ

കണ്ണൂര്‍: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയും സമാഹരിച്ചു. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടി രൂപയായിരുന്നു വില. കണ്ണൂ‍ർ സ്വദേശിയായ റഫീഖിൻ്റേയും മറിയത്തിൻ്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോ​ഗത്തിൻ്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വലിയ സഹായമാണ് കുട്ടിക്കായി ഒഴുകിയെത്തിയത്.

പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാൽ മുഴുവൻ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതി.

ഈ ഘട്ടത്തിലാണ് മുഹമ്മദിൻ്റെ കഥ വാ‍ർത്തയായി വരുന്നത്. രണ്ടോ മൂന്നോ ചുവടുകൾ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റി.

വാ‍ർത്ത വന്നു മണിക്കൂറുകൾക്കുള്ളിൽ ഫെഡറൽ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിൻ്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ. പത്ത് രൂപ മുതൽ പതിനായിരം വരെ അയച്ച് ആളുകൾ ദൗത്യത്തിനൊപ്പം ചേ‍ർന്നു. വൻ തോതിൽ ‌ട്രാൻസാക്ഷൻ നടന്നതോടെ ​ഗൂ​ഗിൾ പേ അക്കൗണ്ട് പലവട്ടം പ്രവ‍ർത്തനരഹിതമായി. ഇന്ന് വൈകിട്ട് അഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ രൂപ എത്തിയതായി ഫെഡറൽ ബാങ്ക് അധികൃതർ മുഹമ്മദിൻ്റേയും അഫ്രയുടേയും കുടുംബത്തെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here