പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പാര്‍ട്ടി നിര്‍ജ്ജീവമാണെന്ന് നേതാക്കള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയുടെ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏകദേശം അപ്പാടെ രാജിവെച്ചൊഴിഞ്ഞിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജോണി മലയവും വൈസ് പ്രസിഡന്റ് അനീഷ്‌ എം.ജിയും ജനറല്‍ സെക്രട്ടറിമാരായ കമല്‍രാജ്, അനൂപ്‌ മുളയറ, വിപിന്‍ദാസ്, അനൂപ്‌ മോഹന്‍, രാജേഷ്‌ മലയിന്‍കീഴും ഉള്‍പ്പെടെയുള്ള ഇരുപത്തിയഞ്ചു പേരാണ് കൂട്ടരാജി നേതൃത്വത്തിനു കൈമാറിയിരിക്കുന്നത്.

രാജിക്ക് ആധാരമായി പാര്‍ട്ടി നേതൃത്വത്തിന്നെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാജിക്കത്തില്‍ ഇവര്‍ കെട്ടഴിച്ചിട്ടുള്ളത്. പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടിന്റേയും അനാസ്ഥയുടെയും ഫലമായി കഴിഞ്ഞ കാലങ്ങങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വന്നവര്‍ക്ക് മറ്റ് പാർട്ടിയിലേക്കോ രാഷ്ട്രീയ പ്രവർത്തനം നിർത്തുകയോ ചെയ്യേണ്ട അവസ്ഥയാണ്.

കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒട്ടേറെ പേർ പാർട്ടി ബന്ധം ഉപേക്ഷിച്ചതായി കാണാം. പാർട്ടി തിരുനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ബി.ഡി. മാസ്റ്റർ ഈ അടുത്താണ് മരിച്ചത്. അദ്ദേഹം മരിക്കും മുന്‍പേ തന്നെ മാണി ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു നേതാവ് പ്രൊഫ. ജോസഫ്‌സ്‌ക്കറിയ അടുത്തയിടെ മാണി ഗ്രൂപ്പിൽ അംഗത്വമെടുത്തു.

അഡ്വ. ശാന്തമ്മ തോമസിന് ഇപ്പോള്‍ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. മറ്റൊരു നേതാവായ ഡി സി ജോസഫ് പാർട്ടി പ്രവർത്തനം നിർത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായിരുന്ന അഡ്വ.വി.എസ്. മനോജ് കുമാർ ഇപ്പോള്‍ പാര്‍ട്ടിയിലില്ല. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മലയിൻകീഴ് നന്ദകുമാർ ഇപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റാണ്. ഈ രീതിയില്‍ സംസ്ഥാന-ജില്ലാ തല നേതാക്കൾ പാർട്ടി വിട്ട് പോകുകയോ, പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തിരിക്കുന്നു-രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here