തിരുവനന്തപുരം: ബക്രീദ് ഇളവുകള്‍ നല്‍കിയതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്ന കേരള സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി. സുപ്രീംകോടതി വിമര്‍ശനത്തിനു പിന്നാലെ വെളിയില്‍ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഇപ്പോള്‍ രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും കേരളത്തിലാണെന്ന കണക്കുകള്‍ ആണ് വെളിയില്‍ വരുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുതിക്കുകയാണ്. ഇന്നലെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് 30093 കേസുകള്‍. കേരളത്തില്‍ 16848 പേര്‍ക്ക് രോഗബാധ. ആകെ രോഗികളുടെ പകുതിയിലേറെ സംസ്ഥാനത്താണ്.
കേരളത്തിലെ മുഴുവന്‍ ആളുകളെയും ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള നടപടികളില്‍ നിന്നും മെല്ലെ ഉള്‍വലിഞ്ഞും മരണനിരക്കുകള്‍ പുറത്ത് വിടുന്നതില്‍ പിശുക്ക് കാട്ടിയും നടത്തിയ ചെപ്പടിവിദ്യകള്‍ ഫലിക്കുന്നില്ലെന്നതിന്റെ സൂചന കൂടിയാണ് കോവിഡ് ബാധിതരില്‍ പകുതിയും കേരളത്തിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്നത്. രാജ്യത്താകെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 4 ലക്ഷം പേരാണ്. അതില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ രോഗികള്‍ കേരളത്തിലാണ്.
മലപ്പുറം , കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് ഉയരുകയാണ്. വെളളിയാഴ്ച മൂന്നു ലക്ഷം പരിശോധനകള്‍ കൂടി നടത്തും. ടിപിആര്‍ നിയന്ത്രിക്കാന്‍ വാര്‍ഡുതല ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. . 100 പേരെ പരിശോധിക്കുമ്പോള്‍ 12 പേരോളം പോസിറ്റീവ്. മലപ്പുറത്ത് 17.99 ശതമാനമാണ് ടിപിആര്‍. 2752 പേര്‍ക്ക് ഇന്നലെമാത്രം കോവിഡ് സ്ഥിരീകരിച്ചു.
തൃശൂര്‍ – 15.34 , കാസര്‍കോട് 14. 3, പാലക്കാട് 14. 2, കോഴിക്കോട് – 13.72 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 104 മരണം കൂടി കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചു. ഒൗദ്യോഗിക മരണ സംഖ്യ 15,512 ആയി ഉയര്‍ന്നു. വടക്കന്‍ ജില്ലകളില്‍ വീടുകള്‍ ക്ളസ്റ്ററുകളായി മാറുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ വീട്ടിലെ എല്ലാവരും പോസിറ്റീവ് എന്ന അവസ്ഥയുമുണ്ട്. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും രോഗവ്യാപനമുണ്ട്. കടകള്‍ ചുരുങ്ങിയ ദിവസത്തേയ്ക്ക് തുറന്നതോടെ പൊതുവിടങ്ങളിലേയ്ക്കും മാര്‍ക്കറ്റുകളിലേയ്ക്കും ജനമൊഴുകി. വരുംദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.