കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സംഘര്‍ഷം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയ്ക്ക് ഗുരുതര പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സംഘര്‍ഷത്തില്‍ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയ്ക്ക് ഗുരുതര പരുക്ക്. പെരിയ കേസിലെ പ്രതി കെ എം സുരേഷിനാണ് ഗുരുതരമായി പരുക്കേറ്റത്. സുരേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. ജയിലിനുള്ളില്‍ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന.

നിരവധി അക്രമ – ക്വട്ടേഷന്‍–കഞ്ചാവ് കേസുകളില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന അസീസ് ആണ് അക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സുരേഷ്. . രാവിലെ രണ്ടാം ബ്ലോക്കിനടുത്ത് വച്ച് വ്യായാമം ചെയ്യവെയാണ് അക്രമിച്ചത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച സുരേഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. അവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു സുരേഷിനെ അക്രമിച്ചത് ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ്.

കഴിഞ്ഞ ദിവസം ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിച്ചിരുന്നു. പ്രതികള്‍ക്ക് ഉപയോഗിക്കാന്‍ ജയിലില്‍ കഞ്ചാവ് ലഭിക്കുന്നുണ്ടെന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ് സംഭവം.

കൊലക്കേസുകളിലടക്കം പ്രതികളായ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും പരോളിലാണ്. ഇവരുടെ സംഘബലം കുറഞ്ഞതോടെയാണ് കഞ്ചാവ്–ക്വട്ടേഷന്‍ കേസ് പ്രതികള്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കെതിരെ തിരിഞ്ഞത്. ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കാറുണ്ട്. തടയാന്‍ ശ്രമിച്ചാല്‍, പലപ്പോഴും ഇവര്‍ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് കുറ്റം തങ്ങളുടെ മേല്‍ ചുമത്തുകയാണ് പതിവെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here