കൊച്ചി: കിഫ്ബിക്കെതിരെയുള്ള ഇ.ഡി. കേസില്‍ കേസിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രം ജീത് സിങ്ങ് ഇന്ന് എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കിഫ്ബിക്ക് എതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ നീട്ടിയേക്കും.
കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മസാലബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെമ നിയമത്തിന്‍റെ ലംഘനമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. എന്നാല്‍ കിഫ്ബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ രംഗത്ത് വന്നിരുന്നു. കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്നും ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വിഷയത്തിൽ മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രിയുടെ വെല്ലുവിളി.
എന്നാൽ, ഇഡി അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. അന്വേഷണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. ഏറ്റുമുട്ടുന്നത് അഴിമതിയില്‍ പങ്കുള്ളതുകൊണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.