സനുമോഹന്‍ കുടജാദ്രിയിലോ? തിരച്ചില്‍ ഊര്‍ജിതമാക്കി അന്വേഷണ സംഘം

0
215

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ സനുമോഹനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. മൂകാംബികയില്‍ സനുവിനെ കണ്ടെത്തിയതോടെ മൂകാംബികയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കര്‍ണാടകയ്ക്ക് പുറമേ ഗോവയിലേക്കും പോലീസിന്റെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ട മകള്‍ വൈഗയുടെ മരണകാരണം അറിയണമെങ്കിലും സനു മോഹന്‍ കൂടിയേ തീരൂ എന്നുള്ളതിനാല്‍ ഏതു വിധേനയും സനുവിനെ പിടികൂടാനാണ് പോലീസ് നീക്കം. . കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് സനുമോഹന്‍ ഇവിടങ്ങളിലേക്ക് മുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചത്. കുടജാദ്രിയിലേക്ക് സനു നീങ്ങിയതായും പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ കര്‍ണാടക പോലീസിന്റെ സഹായം തേടിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

സനുമോഹന്‍ മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. കാര്‍ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകള്‍ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. ഉടന്‍തന്നെ സനുമോഹന്‍ പിടിയിലാകുമെന്നാണ് പോലീസ് സൂചന.

സനുമോഹന്‍ കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ പോലീസ് ഇവിടെ വ്യാപകമായ പരിശോധന നടത്തിയിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് മറ്റുസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ, മരിച്ച വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനഫലം പുറത്തുവന്നു. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനാ ഫലത്തിലാണിത് വ്യക്തമാക്കുന്നത്.
ഉള്ളില്‍ വിഷാംശമൊന്നും കണ്ടെത്തിയില്ല. ശാരീരിക പീഡനങ്ങളൊന്നും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണകാരണം തിരിച്ചറിയാനുള്ള ആന്തരാവയവ പരിശോധനകള്‍ നടത്തുന്ന ടോക്‌സിക്കോളജി വിഭാഗത്തില്‍ നടത്തിയ രക്തപരിശോധനയിലാണ് ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തിയത്.

ലാബിലെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നതോടെ മദ്യമോ, ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലുമോ നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍പ്പുഴയില്‍ തള്ളിയതാണോ എന്ന് സംശയം ഉയരുന്നുണ്ട്. വൈഗയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍നിന്ന് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here