പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായി ജീവിതം; ഗാനങ്ങളുടെ അമരത്തിരുന്നത് ആറു പതിറ്റാണ്ട്

മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അത് ലത മങ്കേഷ്കർ ആയിരുന്നു.
ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ഈ വാനമ്പാടി. 1942 മുതല്‍ ആ ശബ്ദം നാലു തലമുറകളിലൂടെ ആറു പതിറ്റാണ്ടാണ് പാട്ടിന്‍റെ അമരത്തിരുന്നു തുഴഞ്ഞ് മുന്നേറിയത്. ഇന്ത്യന്‍ ചലച്ചിത്രസംഗീത ചരിത്രത്തില്‍ ഒരു രണ്ടാംഘട്ടത്തിന്‍റെ ഹേതു ഒരു പാട്ടുകാരിയായി. അവർ അന്നും ഇന്നും വിസ്മരിക്കാന്‍ കഴിയാത്ത ഒരു സംഗീതചരിത്രപാഠത്തിന്‍റെ തലക്കെട്ടാണ്.

1929 സെപ്റ്റംബര്‍ 29ന് ഇന്‍ഡോറിലെ സിഖ് മൊഹല്ലയിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. ഹൃദയ എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. മറാഠി നാടകരംഗത്തെ ഗായകനും നടനുമായ പണ്ഡ‍ിറ്റ് ദീനാനാഥ് മങ്കേഷ്കറുടെയും ശുദ്ധാമതിയുടെയും അഞ്ചുമക്കളില്‍ മൂത്തവള്‍. 13–ാം വയസ്സില്‍ പാടിത്തുടങ്ങി. പിതാവിന്‍റെ നാടകത്തിലെ കഥാപാത്രമായ ലതികയുടെ പേര് ചുരുക്കിയാണ് ലത എന്ന പേരിലേക്ക് ഹൃദയ ചേക്കേറിയത്.

തൊണ്ണൂറുകളില്‍‌ ഇന്ത്യന്‍ ചലചിത്രസംഗീതം അതിന്‍റെ ഏറ്റവും വലിയ മാറ്റങ്ങളിലേക്ക് ചേക്കേറി. പുതിയ ഗായകര്‍, പുതിയ ശബ്ദസന്നിവേശങ്ങള്‍. എന്നാൽ എ.ആര്‍.റഹ്മാനിലൂടെ ലത വീണ്ടും തരംഗമായി. പരമോന്നത ബഹുമതിയായ ഭാരതരത്നയും ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ഗായികയെ രാജ്യം ആദരിച്ചു. പാടാന്‍ മാത്രമായി ലഭിച്ച നിയോഗമാണ് ലതയുടെ ജീവിതം. ഭാഷാ വൈവിധ്യങ്ങളുടെ നാട്ടില്‍ ഒരു ജനതയെ ആകെ പാട്ടിലാക്കി ആ അനുപമമായ ശബ്ദമാധുര്യം. ഹിന്ദി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നൂര്‍ജഹാന്‍, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികള്‍ ഗായികമാരായും കൊടികുത്തി വാണിരുന്ന കാലത്താണ് ലത ആ രംഗത്തേക്ക് കടന്നുവരുന്നത്.

കുന്ദന്‍ ലാല്‍ സൈഗാളിനെ അനുകരിച്ച് മൂക്കുകൊണ്ടുള്ള ഒരുതരം ആലാപനശൈലിയുടെ സങ്കല്‍പങ്ങളും മാമൂലുകളുമായിരുന്നു അക്കാലത്തെ സിനിമാഗാനങ്ങളുടെ പാട്ടുകാരെ നയിച്ചിരുന്നത്. തുടക്കത്തില്‍ ലതയ്ക്കും അതേ ശൈലി തുടരേണ്ടിവന്നു. പക്ഷേ പിന്നീടെപ്പെഴോ അനുപമവും അനുകരണസാധ്യത ഒട്ടുമില്ലാത്തതുമായ തന്‍റെ സ്വരത്തിലൂടെ ചലച്ചിത്ര ഗാനാലാപനരീതിക്കു നവഭാവുകത്വം ലത നൽകി. പിന്നീട് ലത ഇന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ പ്രസരിപ്പും ഉന്മേഷവുമായി. പുതിയ ഗാനപരീക്ഷണങ്ങള്‍ക്ക് സംഗീതസംവിധായകര്‍ മെനക്കെട്ടു. പുതിയതരം പാട്ടുകളുണ്ടായി. ആസ്വാദനതലം മറ്റൊരുതലത്തിലേക്കെത്തി. സി. രാമചന്ദ്ര, വസന്ത് ദേശായി, ഹന്‍സ് രാജ് ബാല്‍, അനില്‍ ബിശ്വാസ്, നൗഷാദ് അലി, ശങ്കര്‍ ജയ്കിഷന്‍, എസ്.ഡി.ബര്‍മന്‍ എന്നീ അതികായകരായ സംഗീതസംവിധായകര്‍ പുത്തന്‍പാട്ടുകളുകളിലേക്ക് പിന്നണിഗാനരംഗത്തെ കൊണ്ടുപോയത് ലതയുടെ കണ്ഠത്തിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here