ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, സിനിമകള്‍ക്കായി സംഗീതമൊരുക്കി. ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തായി സാഹെബ എന്ന കന്നഡ ചലച്ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്.
പരമ്പരാഗത വഴികളിൽ നിന്നുമാറിയായിരുന്നു ഐസക്ക് നല്‍കിയ സംഗീതം. എന്നും ഓരോ താളങ്ങൾ അദ്ദേഹം സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. ബിരുദ പഠനം കഴിഞ്ഞു രണ്ടു വർഷം തുടർച്ചയായി ശാസ്‌ത്രീയ സംഗീതം പഠിച്ചതും കൊഡൈക്കനാലിൽ അമേരിക്കൻ സംഗീതാധ്യാപകർക്കൊപ്പം സംഗീതം പഠിച്ചതുമെല്ലാം വഴിത്തിരിവായി. മൗത്ത് ഔർഗൻ, ബുൾബുൾ താര തുടങ്ങി ചെറുകിട സംഗീതോപകരണങ്ങളിലായിരുന്നു ആദ്യകാല പരീക്ഷണം. സിനിമാസംവിധാനം പഠിക്കാൻ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിയ ഐസക്ക് സംഗീതത്തിന്റെ വഴിയിലേക്ക് എത്തിപ്പെടുകയായിരുന്നു.
സംഗീതോപകരണങ്ങൾ വിൽക്കുന്ന ചെന്നൈയിലെ മ്യൂസി മ്യൂസിക്കൽ എന്ന സ്‌ഥാപനവുമായുള്ള പരിചയമാണ് ഐസക്കിനു തുണയായത്. ജിം മാസ്‌റ്റർ എന്നു വിളിച്ചിരുന്ന അവിടത്തെ പ്രഫ. ജേക്കബ് ജോണാണ് ഐസക്കിനു പിയാനോ വായിക്കാൻ അവസരം നൽകിയത്. ലണ്ടനിലെ ട്രിനിറ്റി കോളജിലും ഐസക് സംഗീതം പഠിച്ചു..മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്.ചിത്രയാണു ഭാര്യ.