തിരുവനന്തപുരം: പുതുവത്സരം കടന്നുവന്നത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലൂടെ. രാത്രി പത്ത് മണിക്ക് ശേഷം യാത്രാ വിലക്ക് നില്‍ക്കുന്നതിനാല്‍ ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ തെരുവിലിറങ്ങിയില്ല. ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും രാത്രി 10മണി വരെയായിരുന്നു അനുമതി.
രാത്രി ആഘോഷങ്ങള്‍ വിലക്കിയതോടെ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം പുതുവല്‍സര പരിപാടികള്‍ പരിമിതമായിരുന്നു. കൊച്ചിയിൽ രാത്രി പത്തുമണിയ്ക്ക് ആഘോഷം അവസാനിച്ചു. എല്ലാ ഹോട്ടലുകളിലും ഇക്കുറി പുതുവല്‍സരാഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ആഘോഷങ്ങള്‍ ഉണ്ടായിരുന്നിടങ്ങളിൽ പത്തു മണിയോടുകൂടി അവസാനിപ്പിച്ചു.
എല്ലായിടത്തും പൊലീസിന്‍റെ സാന്നിധ്യവും കര്‍ശന പരിശോധനകളും ഉണ്ടായിരുന്നു.ഡി.ജെ പാര്‍ട്ടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പത്തു മണിയോടെ നിരത്തുകളിലും പൂര്‍ണമായും ആളൊഴിഞ്ഞു. കോഴിക്കോട് ബീച്ചില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഒമ്പതരയോടെയാണ് ആളുകള്‍ പിരിഞ്ഞുപോയത്.