കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷൻ ഇന്നുമുതൽ; നല്‍കുന്നത് 15 മുതൽ 18 വയസുവരെയുള്ളവർക്ക്

0
212

ന്യൂഡല്‍ഹി: കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷൻ ഇന്നുമുതൽ. 15 മുതൽ 18 വയസുവരെയുള്ളവർക്കാണ് ( ഇന്ന് മുതൽ വാക്‌സീൻ ലഭിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സീനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.

ഏഴ് ലക്ഷത്തിൽ അധികം കൗമാരക്കാർ ഇതുവരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും നടത്താം. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുക. വാക്സീനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും.

കൗമാരക്കാരുടെ വാക്‌സീനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് വാക്‌സീനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെയാണ് വാക്സീനേഷൻ. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്‌സീനെടുക്കാന്‍ വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാക്‌സീനേഷന് ശേഷം കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here