പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്; റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയത് ഊരാളുങ്കലും ഡിഎംആര്‍സിയും

0
169

കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഞ്ച് മാസത്തിനുള്ളിൽ ആണ് പാലത്തിന്‍റെ പുനര്‍മിര്‍മാണം പൂർത്തിയായത്. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച പാലാരിവട്ടം പാലത്തിന്റെ പുനഃനിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചാ വിഷയമാക്കാന്‍ യുഡിഎഫ് തീരുമാനിക്കുമ്പോള്‍ പാലാരിവട്ടം പാലത്തിന്റെ പ്രശ്നത്തില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

പാലത്തിന്റെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഡിഎംആർസി സർക്കാരിന് കൈമാറിയിരുന്നു. അവസാന വട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ശനിയാഴ്‌ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചിരുന്നു. പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്‍കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പറഞ്ഞതിലും വേഗം പണി പൂർത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here