പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി വന്നേക്കും; നിയമഭേദഗതിയ്ക്ക് നീക്കം

തിരുവനന്തപുരം: പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന തീരുമാനവുമായി സിപിഐയും റവന്യൂവകുപ്പും. റവന്യൂ ഭൂമിയില്‍ നട്ടുപിടിപ്പിച്ച മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ഏറെക്കാലമായുള്ള കര്‍ഷകരുടെ ആവശ്യമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ എല്ലാക്കാലത്തും റവന്യൂഭൂമിയിലെ മരം മുറി തടയാനാവില്ലെന്നാണ് സിപിഐ നിലപാട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ കര്‍ഷകര്‍ ഉയര്‍ത്തുന്ന ഈ ആവശ്യത്തെ പ്രതിപക്ഷവും പിന്‍തുണിച്ചിട്ടുണ്ട്.

നിരവധി സിപിഎം എം.എല്‍.എമാരും യുഡിഎഫ് എം.എല്‍.എമാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീപാര്‍ട്ടികള്‍ക്കും ആവശ്യമാണെങ്കില്‍ പുതിയ ഉത്തരവിറക്കാമെന്നും സിപിഐക്ക് മാത്രം താല്പര്യമില്ലെന്നും സിപിഎമ്മിനെ സിപിഐ അറിയിച്ചു. എന്നാല്‍ നിലവിലെ ഉത്തരവില്‍ കാര്യമായ ഭേദഗതി വരുത്താതെ ഉത്തരവിറക്കാനാവില്ല. 64ന് ശേഷമുള്ള മരങ്ങളാണ് മുറിക്കുന്നുവെന്നത് ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ മാറ്റം വരുത്തേണ്ടി വരും. സര്‍ക്കാരില്‍ നിക്ഷിപ്തമായ മരം ചന്ദനം മാത്രമെന്നതിലും മാറ്റം വന്നേക്കാം. വെട്ടാന്‍ അനുവാദമുള്ള മരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഈട്ടിയുണ്ട്. എന്നാൽ ഇതില്‍ ഈട്ടിയേ ഉള്‍പ്പെടുത്തുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കണിശമാക്കുന്നതും പരിഗണിക്കുന്നുണ്ട്.

1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് റവന്യൂ പുറപ്പോക്ക് -റവന്യൂ തരിശ് എന്നിവ പതിച്ചു കിട്ടിയവര്‍ക്ക് പട്ടയഭൂമിയില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നു. പതിച്ചുകിട്ടിയ സമയത്ത് വൃക്ഷ വിലയടച്ച് റിസര്‍വ് ചെയ്തതും വെച്ചുപിടിപ്പിച്ചതും താനെ കിളിര്‍ത്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന ഈ ഉത്തരവാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഈ ഉത്തരവിന്റെ മറവില്‍ വയനാട് മുട്ടിലില്‍ വലിയ തോതില്‍ മരംമുറി നടന്നതോടെ ഉത്തരവ് വിവാദമാവുകയും റദ്ദാക്കുകയുമായിരുന്നു. മരംമുറിയെപ്പറ്റി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here