വാക്സീന്‍ നയത്തില്‍ ഇടപെടേണ്ടെന്ന് കേന്ദ്രം; സത്യവാങ്മൂലംചോര്‍ന്നതില്‍ അതൃപ്തിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വാക്സീന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാവര്‍ക്കും വാക്സീന്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നയരൂപീകരണത്തില്‍ എക്സിക്യൂട്ടീവിനുള്ള പ്രാപ്തിയില്‍ കോടതി വിശ്വസിക്കണം. പൊതുപണം വാക്സീന്‍ നിര്‍മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നുണ്ട്. 18 മുതല്‍ 44വരെയുള്ളവര്‍ക്ക് സൗജന്യമായി നല്‍കാമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ വാക്സീന്‍ സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.എന്നാല്‍ സത്യവാങ്മൂലം ജഡ്ജുമാര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

സത്യവാങ്മൂലം ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് ജഡ്ജുമാര്‍ക്ക് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാധ്യമങ്ങള്‍ സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും അതില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയില്‍ വാക്സീന്‍ നയം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. വാക്സീന്‍ ലഭ്യതയിലെ പരിമിതി, രോഗവ്യാപനതോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്സീന്‍ നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍, വിദഗ്ധര്‍, വാക്സീന്‍ നിര്‍മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച ചെയ്താണ് വാക്സീന്‍ നയം തയ്യാറാക്കിയത്. പക്ഷാപതമില്ലെന്ന് ഇല്ലെന്ന് ഉറപ്പാക്കുന്നതാണ് നയം. ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്. . കേസ് വ്യാഴാഴ്ച്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here