പ്രൊവിഷ്യൽ ഹൗസിൽ രാത്രി വന്നത് മൂന്ന് പുരുഷന്മാര്‍; ഒരാള്‍ എന്നെ കയറി പിടിച്ച് തറയിലേക്ക് തള്ളി; ചവിട്ടിക്കൂട്ടി മയക്കുമരുന്ന് കുത്തി വെച്ചു; ആശുപത്രി വരാന്തയിലൂടെ കൊണ്ട് പോയത് വലിച്ചിഴച്ച്; ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി സഭയിലെ ക്രൂര പീഡനങ്ങളെക്കുറിച്ച് തുറന്നെഴുതി സിസ്റ്റർ മേരി

തിരുവനന്തപുരം: ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി സഭയിലെ രീതികള്‍ എതിര്‍ത്തപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങളായിരുന്നുവെന്നു സിസ്റ്റർ മേരി എൽസീന.

സിസ്റ്റര്‍  എഴുതിയ തുറന്ന കത്തിലാണ് പീഡനങ്ങള്‍ അക്കമിട്ടു വിവരിക്കുന്നത്. സഭയിലെ ‘അടിമ വിഭാഗത്തിൽ പെടുന്ന സിസ്റ്റെഴ്സിന്റെ ഊണുമേശയിൽ ചോറും സാമ്പാറും വിളമ്പുമ്പോൾ ഉടമകളായ സിസ്റ്റേഴ്സിന്റെ ഊണുമേശയിൽ ഫ്രൂട്ട് സലാഡും ചിക്കൻ വിഭവങ്ങളും. ചെറുപ്പക്കാരനായ പുരോഹിതനൊപ്പം രാത്രി ഒൻപത് മണിക്കു ശേഷം തോട്ടത്തിൽ നടക്കാനിറങ്ങി രാത്രി വൈകി എത്തുന്ന സഹസന്യാസിനിയുടെ ശീലങ്ങള്‍.

വിയോജിച്ചപ്പോള്‍ മെയ് 31 ന് രാത്രി നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങള്‍. രാത്രി ഏഴു മണിയ്ക്ക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ജോലിക്കാരി സ്റ്റെല്ല എത്തി എന്നെക്കാണാൻ ഗസ്റ്റ് ഉണ്ട് എന്ന് അറിയിച്ചു. ഞാൻ ഗസ്റ്റിനെ സ്വീകരിക്കുന്ന പാർലറിൽ എത്തിയപ്പോൾ അവിടെ അപരിചിതരായ മൂന്ന് പുരുഷന്മാരും വേറെ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.

എന്താണ് കാര്യമെന്ന് അന്വഷിച്ച എന്നെ ഒരു പുരുഷൻ പെട്ടന്ന് കയറി പിടിച്ച് തറയിലേക്ക് തള്ളി മറച്ചിട്ടു മറ്റ് പുരുഷന്മാരും കൂടി ചേർന്ന് നിലത്ത് എന്നെ ചവിട്ടി പിടിച്ച് കാലും കൈയ്യും കെട്ടിയിട്ടു. ഇടത് കയ്യിൽ ബലമായി മയക്കുമരുന്ന് കുത്തി വെച്ചു. ഇതിനിടയിൽ അവരെന്റെ മെബൈലും കൈക്കലാക്കിയിരുന്നു. ഈ സമയമെല്ലാം മാർഗരറ്റ് അമ്മേ എന്നെ രക്ഷിക്കണേ എന്ന് ഞാൻ നിലവിളിക്കുന്നുണ്ടായിരുന്നു. അവർ എന്നെ ക്രൂരമായി വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുമ്പോൾ സിസ്റ്റർ മാർഗരറ്റ് അവിടെ നോക്കി നില്ക്കുന്നത് ഞാൻ കണ്ടു-സിസ്റ്റര്‍ മേരി എഴുതുന്നു.

സിസ്റ്റർ മേരി എൽസീനയുടെ കുറിപ്പ്

ഞാൻ സിസ്റ്റർ മേരി എൽസീന അഥവാ സുധ കെ.വി.
ഞാൻ ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി സഭയിലെ അംഗമാണ്.

കോൺവെന്റിനുള്ളിൽ എനിക്ക് നേരിടേണ്ട വന്ന ക്രൂര പീഢനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടി വന്നിരുന്നു . എന്റെ പ്രതികരണങ്ങൾക്കെതിരെ സഭാ അധികാരികൾ പുറത്തുവിട്ട വാർത്താ കുറിപ്പിന് മറുപടിയാണ് കുറിപ്പ്.

ചെറുപ്പകാലത്ത് എവിടെയോ വായിച്ച് ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിരിക്കുന്ന പൈങ്കിളികഥകളിൽ നിന്ന് കടം കൊണ്ട ഭാവനയിൽ മെനഞ്ഞെടുത്ത ആ കള്ള കഥകൾക്ക് പക്ഷെ സത്യത്തെ മൂടി വെയ്ക്കാൻ കഴിയില്ല.

ബഹുമാനപ്പെട്ട സിസ്റ്റർ മാർഗരറ്റിന് ഒപ്പമുള്ളവർ കൂടി ചേർന്ന് മെനഞ്ഞെടുത്ത കള്ള കഥകൾ മറുപടി പോലും അർഹിക്കുന്നില്ല. എന്നാലും അതു വായിക്കുന്ന പൊതു സമൂഹം തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതിനാൽ ഏതാനും കാര്യങ്ങൾ ചില പറഞ്ഞു കൊള്ളട്ടെ.

സിസ്റ്റർ മാർഗരറ്റ് പറഞ്ഞത് ശരിയാണ് ഞാൻ സഹസന്യാസിനികളോട് ദേഷ്യപ്പെടാറുണ്ട്.

എപ്പോൾ ആണെന്നല്ലേ. പാവപെട്ട ബധിരരും മൂകരുമായ കുട്ടികളെ താമസിച്ചു പഠിപ്പിക്കുന്ന പ്രധാന സേവനമാണല്ലോ നമ്മുടെ സഭ ചെയ്ത് വരുന്നത് . അവിടെ കോൺവെന്റിന്റെ ഭാഗമായുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ദരിദ്രരായ മൂക -ബധിര കുരുന്നുകളെ ക്രൂരമായി മർദ്ദിക്കുമ്പോൾ , 5 – 6 വയസുള്ള കുഞ്ഞുങ്ങൾ കട്ടിലിൽ കിടന്ന് ഉറങ്ങുമ്പോൾ കാലിൽ പിടിച്ച് വലിച്ച് ക്രൂരമായി നിലത്തിട്ട് സന്യാസിനികൾ ഉപദ്രവിക്കുമ്പോൾ , പറയുന്നത് അക്ഷരം പ്രതി അനുസരിക്കാത്തതിന് ശിക്ഷയെന്ന പേരിൽ ബധിരരായ കുരുന്നുകളെ ക്രൂരമായി ചെവി വലിച്ച് പറിച്ച് മുറിവിൽ നിന്ന് രക്തം ഇറ്റിറ്റ് വീഴുന്നത് കാണുമ്പോൾ, ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാതെ പെരി വെയിലത്ത് കുഞ്ഞുങ്ങളെ ജോലി ചെയ്യിക്കുന്നത് കാണുമ്പോൾ , നമ്മുടെ ഹോസ്റ്റലിൽ പനി പിടിച്ച് അവശയായി കിടക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാതെ സൂം മീറ്റിങ്ങിലെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് വാശി പിടിക്കുമ്പോൾ , ഞാൻ സഹ സന്യാസിനികളോട് ദേഷ്യപ്പെട്ടിട്ടുണ്ടാവാം അത് മാനസിക രോഗം ഉള്ളതിനാൽ അല്ല മന:സാക്ഷിയും കരുണയും ഉള്ളതിനാലാണ്. കാരണം സമൂഹത്തിലെ പാവപ്പെട്ട ആശരണരായ കുഞ്ഞുങ്ങൾ പ്രത്യേഗിച്ച് മൂകരും ബധിരരുമായതിനാൽ നമ്മുടെ അടുത്ത് എത്തപ്പെടുന്ന കുഞ്ഞുങ്ങളെ ഞാൻ എന്റെ സ്വന്തം മക്കളായി കണ്ട് കരുണയൊടെയും സ്നേഹത്തോടെയും പെരുമാറുന്നു. അല്ലെങ്കിൽ ഈ പാവങ്ങളെ സേവിക്കുന്നത് ജീവിത വൃതമായി കാണുന്ന വ്യക്തിയാണ് ഞാൻ. ആ ലക്ഷ്യത്തോടെയാണ് ഞാനീ സഭയിൽ ചേർന്നതും.പിന്നെ ഞാൻവിയോജിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

നമ്മുടെ സഭയിലെ ‘അടിമ വിഭാഗത്തിൽ പെടുന്ന സിസ്റ്റെഴ്സിന്റെ ഊണുമേശയിൽ ചോറും സാമ്പാറും വിളമ്പുമ്പോൾ ഉടമകളായ സിസ്റ്റേഴ്സിന്റെ ഊണുമേശയിൽ ഫ്രൂട്ട് സലാഡും ചിക്കൻ വിഭവങ്ങളും വിളമ്പുന്നതു മുതൽ ചെറുപ്പക്കാരനായ പുരോഹിതനൊപ്പം രാത്രി ഒൻപത് മണിക്കു ശേഷം തോട്ടത്തിൽ നടക്കാനിറങ്ങി രാത്രി വൈകി എത്തുന്ന സഹസന്യാസിനിയുടെ ശീലത്തോട് വരെ ഞാൻ വിയോജിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട സിസ്റ്റർ മാർഗരറ്റ് ഇന്നലെ പുറത്തുവിട്ട വാർത്താ ക്കുറിപ്പിൽ എട്ടാം പ്രമാണം എത്ര പ്രാവശ്യം ലംഘിക്കപ്പെട്ടു എന്ന് സിസ്റ്റർ മാർഗരറ്റിനും എനിക്കും ഈ സന്യാസിനി സമൂഹത്തിലുള്ളവർ വർക്കും മനസിലാകും.

പ്രൊവിൻഷ്യൽ മദർ സുപ്പിരിയർ എന്ന ബഹുമാന്യ സ്ഥാനത്തിരുന്നു കൊണ്ട് തെറ്റാണെന്ന ഉത്തമ ബോദ്ധ്യത്തോടെ ഇത്രയേറെ കള്ളങ്ങൾ പടച്ചുവിടുന്നതിലൂടെ സഭക്കും സമൂഹത്തിനും മദർ പ്രൊവിൻഷ്യൽ സിസ്റ്റർ മാർഗരറ്റ് നല്കുന്ന മാതൃക എന്താണ് ..?

മേയ് 31 നു രാത്രി നടന്നത് ക്രൂരപീഡനം 

എന്റെ പരാതിക്ക് അടിസ്ഥാനമായ മെയ് 31 തിയതി വൈകിട്ട് പ്രൊവിഷ്യൽ ഹൗസിൽ ഉണ്ടായ സംഭവം ഒരിക്കൽ കൂടി ഇവിടെ കുറിച്ചു കൊള്ളട്ടെ.

ഏകദേശം ഏഴു മണിയോടെ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലിക്കാരി സ്റ്റെല്ല എത്തി എന്നെക്കാണാൻ ഗസ്റ്റ് ഉണ്ട് എന്ന് അറിയിച്ചു. ഞാൻ ഗസ്റ്റിനെ സ്വീകരിക്കുന്ന പാർലറിൽ എത്തിയപ്പോൾ അവിടെ അപരിചിതരായ മൂന്ന് പുരുഷന്മാരും വേറെ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
എന്താണ് കാര്യമെന്ന് അന്വഷിച്ച എന്നെ ഒരു പുരുഷൻ പെട്ടന്ന് കയറി പിടിച്ച് തറയിലേക്ക് തള്ളി മറച്ചിട്ടു മറ്റ് പുരുഷന്മാരും കൂടി ചേർന്ന് നിലത്ത് എന്നെ ചവിട്ടി പിടിച്ച് കാലും കൈയ്യും കെട്ടിയിട്ടു. ഇടത് കയ്യിൽ ബലമായി മയക്കുമരുന്ന് കുത്തി വെച്ചു. ഇതിനിടയിൽ അവരെന്റെ മെബൈലും കൈക്കലാക്കിയിരുന്നു. ഈ സമയമെല്ലാം മാർഗരറ്റ് അമ്മേ എന്നെ രക്ഷിക്കണേ എന്ന് ഞാൻ നിലവിളിക്കുന്നുണ്ടായിരുന്നു. അവർ എന്നെ ക്രൂരമായി വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുമ്പോൾ സിസ്റ്റർ മാർഗരറ്റ് അവിടെ നോക്കി നില്ക്കുന്നത് ഞാൻ കണ്ടു.

ആശുപത്രിയിലും അവർ എന്നെ വല്ലാതെ ശാരികമായി ഉപദ്രവിച്ചു. മയക്കുമരുന്ന് കുത്തിവെയ്ച്ച് ശരിരം തളർന്നിരുന്ന എന്നെ വരാന്തയിലൂടെ രണ്ട് പുരുഷന്മാർ ചേർന്ന് വലിച്ചിഴച്ചു കൊണ്ടുപോയി

ഒരു വാക്കുപോലും കള്ളമില്ല

ഞാനി പറഞ്ഞതിൽ ഒരു വാക്കുപോലും കള്ളമില്ല.

ഇന്നലെ മദർ പ്രൊവിൻഷ്യൾ സിസ്റ്റർ മാർഗരറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജൂൺ ആദ്യ ദിനങ്ങളിൽ എന്റെ സഹോദരി എന്നെ സെന്റ്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു എന്ന് കാണുന്നു. എന്താണ് മെയ് 31 ന് രാത്രി എനിക്ക് നേരിടേണ്ടി വന്ന അക്രമത്തിന് സാക്ഷിയാണെങ്കിലും അക്കാര്യം മദർ പറയാൻ തയ്യാറാകാത്തത്. മദർ പ്രൊവിഷ്യൽ സിസ്റ്റർ മാർഗരറ്റും കൂടി ചേർന്ന് പ്ളാൻ ചെയ്ത അക്രമമായിരുന്നോ അത്.

ഇനി നിങ്ങൾക്ക് പറയാം മെയ് 31 ന് എന്റെ നേരെ നടന്നു എന്ന് പറയുന്ന അക്രമം വെറും നുണക്കഥ ആണെന്ന്. പൊതു ജനങ്ങളെ സാക്ഷി നിർത്തി മദർ പ്രൊവിഷ്യൽ സിസ്റ്റർ മാർഗരറ്റിന് ഞാൻ ഒരു ഉറപ്പ് തരുന്നു. ഞാൻ പറഞ്ഞത് കള്ള കഥയാണെങ്കിൽ തിരുവസ്ത്രം ഉപേക്ഷിച്ച് സമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രതിഫലമില്ലാതെ സർക്കാർ ആശുപത്രികൾ തൂത്ത് തുടച്ച് രോഗികളെ പരിചരിച്ച് ശിഷ്ടകാലം മുഴുവൻ ഞാൻ ജീവിക്കാം ഉറപ്പ്.

ഇനി ഞാൻ പറഞ്ഞത് സത്യമാണെന്ന് തെളിയിച്ചാൽ ഇതേ ഉറപ്പ് പൊതു സമൂഹത്തെ സാക്ഷി നിർത്തി തിരികെ എനിക്ക് തരാൻ ബഹുമാനപ്പെട്ട മദർ പ്രൊവിഷ്യൽ സിസ്റ്റർ മാർഗരറ്റിന് കഴിയുമോ .? ഉറപ്പ് തന്നാലും ഇല്ലെങ്കിലും ഞാൻ പറഞ്ഞത് സത്യമാണെന്ന് ഞാൻ തെളിയിച്ചിരിക്കും.

എന്ന്

സിസ്റ്റർ മേരി എൽസീന എഫ് .ഡി . എം.

LEAVE A REPLY

Please enter your comment!
Please enter your name here