വടകര: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ വീട്ടിലെ വാതില്‍ തകര്‍ത്ത് ബലാത്സംഗം ചെയ്ത കേസില്‍ സി.പി.എം നേതാക്കളായ പ്രതികള്‍ കസ്റ്റഡിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പിപി ബാബുരാജും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ടി.പി. ലിജീഷുമാണ് കരിമ്പനപ്പാലത്ത് നിന്ന് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്.
ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ശനിയാഴ്ച ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല. ഇവര്‍ ഒളിവിലാണെന്നായിരുന്നു ഇന്നലത്തെ ഭാഷ്യം. പൊലീസ് ഒത്തുകളിക്കുകയാണെന്ന് എം.എല്‍.എ കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചതോടെയാണ് അറസ്റ്റിന് തയാറായത്. പ്രതികളെ പിടികൂടണമെന്ന് സി.പി.എം ഏരിയാകമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പലതവണ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ഇന്ന് തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും വടകര പൊലീസ് അറിയിച്ചു.
പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുകയെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം.