ന്യൂഡല്‍ഹി: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചതായി സൂചന. കർണാടകയ്ക്കും, ഗുജറാത്തിനും, മഹാരാഷ്ട്രക്കും പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും ഒമിക്രോണ്‍ സൂചന വരുന്നത്. ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകി. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകയില്‍ കാണാതായ വിദേശ പൗരന്‍മാര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക,തമിഴ്നാട്,ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് ഒമിക്രോണ്‍ ആണോയെന്നറിയാന്‍ പരിശോധന നടത്തും. ഇയാളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശനമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.