ലൈഫില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി വളരെ വ്യക്തം; ഹൈക്കോടതി നീക്കിയത് സിബിഐയ്ക്ക് മുന്നിലെ തടസങ്ങള്‍; അന്വേഷണ പരിധിയില്‍ വരുന്നത് എഫ്.സി.ആര്‍.എ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയും; ലൈഫ് പദ്ധതി ഇനി സിബിഐയുടെ നീരാളിക്കൈയുടെ പിടിയില്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കോഴമാത്രമാകില്ല ഇനി സി.ബി.ഐയുടെ അന്വേഷണ പരിധിയിലേക്ക് വരിക. ലൈഫ് മിഷനില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം  ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം.

എഫ്.സി.ആര്‍.എ. കേസുകളില്‍ സി.ബി.ഐയാണ്  അന്വേഷണ ഏജന്‍സി.  പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാം അന്വേഷണ പരിധിയില്‍ വരും. ലൈഫില്‍ സി.ബി.ഐയെ തടയാന്‍ സര്‍ക്കാര്‍ പരിചയാക്കിയത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റം എന്ന വാദമായിരുന്നു. അതിലാണ് താത്കാലിക സ്റ്റേ അനുവദിച്ച് കിട്ടിയത്. തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതിയില്ലാതെ സി.ബി.ഐക്ക് കേസ് അന്വേഷണം വിലക്കിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പക്ഷേ, ഈ വിലക്ക് ഇന്ന് സി.ബി.ഐക്ക് മാറിക്കിട്ടിയിരിക്കുന്നു. സി.ബി.ഐയുടെ എഫ്.ഐ.ആര്‍. റദ്ദാക്കുക എന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. നയപരമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോ സര്‍ക്കാരിനെയോ കുറ്റം പറയാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി വളരെ വ്യക്തമാണെന്നാണ് കോടതി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് വടക്കാഞ്ചേരിയിലെ പദ്ധതിയിലേക്ക് യൂണിടാക്കിനെ കൊണ്ടുവന്നതെന്ന് പ്രാഥമിക ഘട്ടത്തില്‍ തന്നെ സി.ബി.ഐക്ക് വ്യക്തമായിരുന്നു. സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഏല്‍പിച്ച വിജിലന്‍സും ഇതില്‍ അഴിമതി കണ്ടെത്തിയിരുന്നു. യൂണീടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞതാണ് കേസിലെ നിര്‍ണായക വഴിത്തിരിവ്. ഫ്‌ളാറ്റ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയില്‍നിന്ന് എം.ശിവശങ്കര്‍ കൈക്കൂലി വാങ്ങിയതായി ചോദ്യം ചെയ്യലില്‍ ഇ.ഡിക്കും മൊഴി ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് നവംബര്‍ 10-നു നല്‍കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റു പദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഇ.ഡി. എത്തിയത്. ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റു രണ്ട് കമ്പനികളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകള്‍ തുറക്കുന്ന 2020 ജനുവരിക്കു മുമ്പായിരുന്നു ഇത്.

ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളില്‍ 26 എണ്ണവും വാട്സാപ്പ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെന്‍ഡറിനെപ്പോലും സംശയത്തില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണിത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ കാണുന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് അനുമാനിക്കുന്നത് ഇതിനാലാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍ രേഖകളടക്കം വിലയിരുത്തി വരികയാണ്. അതോടെ വിദേശസഹായ നിയന്ത്രണച്ചട്ടത്തില്‍ (എഫ്.സി.ആര്‍.എ.) ലംഘനം നടന്നെന്ന് സി.ബി.ഐ. ഉറപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസിലെ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സി.ബി.ഐ. നീക്കം തുടങ്ങിയത്. യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ ഐ ഫോണുകളില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തേത് (99,900) എം. ശിവശങ്കര്‍ ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സ്വപ്നയുടെ നിര്‍ദേശപ്രകാരം അഞ്ച് ഐ ഫോണുകള്‍ യു.എ.ഇ. ദേശീയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ താന്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആറ് ഐ ഫോണുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്നിന്റെ ഐ.എം.ഇ.ഐ. നമ്പറാണ് എം. ശിവശങ്കര്‍ താന്‍ ഉപയോഗിക്കുന്ന ഫോണിന്റെ നമ്പറായി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന് (ഇ.ഡി.) നല്‍കിയിരിക്കുന്നത്.

ഒരു ഫോണ്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കും നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നെങ്കിലും ചെന്നിത്തല ഇത് നിഷേധിച്ചു. എന്നാല്‍ ഫോണ്‍ നല്‍കിയ കാര്യം കോടതിയില്‍ യൂണിടാക് ഉടമ നിഷേധിച്ചു. ചെന്നിത്തല ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായതുമില്ല. 2019 നവംബര്‍ 29-ന് വാങ്ങിയ ഫോണുകള്‍ ഡിസംബര്‍ രണ്ടിനാണ് സ്വപ്നയ്ക്ക് കൈമാറിയത്. കണക്കില്‍പ്പെടാത്ത ആറാമത്തെ ഫോണ്‍ സന്തോഷ് ഈപ്പന്‍ നേരിട്ടോ സ്വപ്ന മുഖാന്തരമോ ശിവശങ്കറിന് കൈമാറിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കറിനെയും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനെയും കണ്ടിരുന്നതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here