ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയാണ്. മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോലി (7) എന്നിവരാണ് മടങ്ങിയത്. രോഹിത് ശര്‍മ (9), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ജയിംസ് ആന്‍ഡേഴ്‌സണാണ്.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മികച്ച ഫോമിലുള്ള രാഹുല്‍ പുറത്ത്. ആന്‍ഡേഴ്‌സണിന്റെ ഇന്‍സ്വിങര്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും മടങ്ങി. ഒരു ഔട്ട് സ്വിങര്‍ പൂജാരയുടെ ബാറ്റിലുരസി ബട്‌ലറുടെ കയ്യിലെത്തി. 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. ആന്‍ഡേഴ്‌സണിനെതിരെ ഷോട്ട് കളിക്കാനുള്ള ശ്രമം ബട്‌ലറുടെ കൈകളില്‍ തന്നെ ഒതുങ്ങി.
നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ അതേപടി ലീഡ്‌സിലും നിലനിര്‍ത്തുകയായിരുന്നു.