Home Arts ശാന്തിഗിരിയിൽ പൂർണകുംഭമേള നാളെ 

ശാന്തിഗിരിയിൽ പൂർണകുംഭമേള നാളെ 

ശാന്തിഗിരിയിലെ പൂർണ്ണകുംഭമേളയോടനുബന്ധിച്ച് താമരപ്പർണ്ണശാലയിൽ കുംഭങ്ങൾ നിറയ്ക്കുന്ന ചടങ്ങുകൾക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചേർന്ന് തുടക്കം കുറിക്കുന്നു

പോത്തൻകോട് : നവപൂജിതം ആഘോഷങ്ങളുടെ സമർപ്പണമായി നാളെ ( 20/09/2024 വെളളിയാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പൂർണകുംഭമേള നടക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള. താമരപർണ്ണശാലയിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരതനം ജ്ഞാന തപസ്വിയും ചേർന്ന് ആശ്രമകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് തുടക്കമായി .

https://youtu.be/EiA8qO0QtPo?si=WzwcrfnpkdIucha4

നാളെ രാവിലെ 5 ന് ആരാധനയും സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാജ്ഞലിയും നടക്കും. 6 ന് ധ്വജം ഉയർത്തും. 7 മണി മുതൽ പുഷ്പസമർപ്പണവും 11 ന് ഗുരുദർശനവും ഉണ്ടാകും. വൈകുന്നേരം നാലിന് കുംഭഘോഷയാത്ര. തുടർന്ന് സത്സംഗം. രാത്രി 9 ന് വിശ്വസംസ്കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.സമാനതകളില്ലാത്ത ഒരാഘോഷമാണ് ശാന്തിഗിരിയിലെ കുംഭമേള. ഭക്തിനിർഭരവും വ്രതനിഷ്ഠവുമായ ആചരണം പുണ്യവും കർമ്മപ്രാപ്തിയും നൽകുമെന്നാണ് വിശ്വാസം. ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തർ വെളളിയാഴ്ച വൈകിട്ട് നടക്കുന്ന കുംഭഘോഷയാത്രയിൽ പങ്കെടുക്കും. മൺകുടങ്ങളിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് തയ്യാറാക്കിയ തീർത്ഥം നിറച്ച്, പീതവസ്ത്രം കൊണ്ട് പൊതിഞ്ഞ് നാളീകേരവും മാവിലയും വെച്ച് പുഷ്പങ്ങളാൽ അലങ്കരിച്ചാണ് കുംഭങ്ങൾ തയ്യാറാക്കുന്നത്. ഇത് പ്രാർത്ഥാനാപൂർവം ശിരസ്സിലേറ്റി ഭക്തർ ആശ്രമസമുച്ചയം വലം വച്ച് പ്രാർത്ഥിക്കും. തുടർന്ന് കുംഭങ്ങൾ ഗുരുപാദത്തിൽ സമർപ്പിക്കും. കുംഭം എടുക്കാൻ കഴിവില്ലാത്ത നിലയിൽ രോഗഗ്രസ്തനായ ഒരു കുടുംബാംഗത്തിനുവേണ്ടി കുടുംബത്തിലെ മറ്റൊരാൾക്ക് വ്രതം നോറ്റ് കുംഭം എടുക്കാവുന്നതാണ്. കുംഭം എടുക്കുന്നവർക്ക് ഏഴു ദിവസത്തെ വ്രതവും മുത്തുക്കുട എടുക്കുന്നവർക്ക് ഒരു ദിവസത്തെ വ്രതവുമാണ് കല്പിച്ചിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തർ അണിനിരക്കുന്ന കുംഭമേളയ്ക്ക് പഞ്ചവാദ്യവും മുത്തുക്കുടകളും അകമ്പടിയാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here