കപ്പൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതികളെ കോടതി വെറുതെ വിട്ടു

കൊല്ലം: ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ കൊല്ലം തുറമുഖത്തു നിന്നും വ്യാജരേഖ നൽകി കടത്തികൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രതികളായ കോഴഞ്ചേരി കോളെജ് ജംഗ്ഷന് സമീപം കുറുന്തോട്ടിക്കൽ വീട്ടിൽ കൃഷ്ണ‌ൻകുട്ടി, ഭാര്യ സന്ധ്യ, സന്ധ്യയുടെ മകൻ മിഥുൻ എന്നിവരെയാണ്  കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അഞ്ജു മീര ബിർള വെറുതെവിട്ടു ഉത്തരവായത്.
തിരുവനന്തപുരം വലിയതുറ പൊലീസ്  ആദ്യം രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷണം പിന്നീട്  കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. 2014 ലാണ് കേസിനാസ്‌പദമായ സംഭവം. മണ്ണു മാന്തി കപ്പൽ കൊല്ലം പോർട്ടിൽ ദിവസങ്ങളോളം ഇട്ടതിന് പോർട്ട് ഉപയോഗിച്ചതിനുള്ള വാടകയിനത്തിൽ കൊല്ലം പോർട്ടിന് ലഭിക്കാനുള്ള 37 ലക്ഷം രൂപ ഈടാ ക്കിയെടുക്കുന്നതിന് കൊല്ലം പോർട്ട് കപ്പൽ പിടിച്ചെടുത്തു. കപ്പൽ മോചിപ്പിക്കുന്നതിന് വാടകയിനത്തിൽ കേരള സർക്കാരിന് ലഭി ക്കാനുള്ള 37 ലക്ഷത്തിന് പകരം 1,42,023 രൂപ സ്വീകരിച്ച് കപ്പൽ വിട്ടു നൽകണമെന്ന് കാണിച്ച് കപ്പലിന്‍റെ ഏജന്‍റായി പ്രവർത്തിച്ചിരുന്ന ഒന്നും രണ്ടും പ്രതികൾ ചേർന്ന് തിരുവനന്തപുരം ഡയറക്‌ടർ ഓഫ് പോർട്ടിന്‍റെ പേരിൽ ഒപ്പും  മുദ്രയും പതിച്ച കത്തും പോർട്ട് ഡ്യൂ സ്റ്റേറ്റ്‌മെന്‍റും വ്യാജ മായി നിർമ്മിച്ച് കൊല്ലം പോർട്ട് ഓഫീസിൽ ഹാജരാക്കി.  സംശയം തോന്നിയ കൊല്ലം പോർട്ട് ഓഫീസർ തിരുവനന്തപുരം തുറമുഖം പോർട്ട് ഡയറക്‌ടറുമായി ബന്ധപ്പെടുക‍യും രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് തുറമുഖ ഡയറക്‌ടർ വിജിലൻസിനു നൽകിയ പരാതി പ്രകാരമാണ് വലിയതു‌റ പൊലീസ് കേസ് രജിസ്റ്റർ ചെയ്തും പിന്നീട്  കൊല്ലം ഈസ്റ്റിലേക്ക് കൈമാറിയതും. ഈസ്റ്റ് പൊലീസാണ്  പ്രതികളെ അറസ്റ്റ് ചെയ്‌ത്‌ അന്വേഷണം പൂർത്തീകരിച്ച്   കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പോർട്ട് ഡയറക്‌ടർ  ഉൾപ്പെടെ 13 സാക്ഷികളെ വിസ്‌തരിക്കുകയും 22 രേഖകൾ പരിശോധിക്കുകയും ചെയ്‌തതിൽ കുറ്റപത്രത്തിൽ പറയുന്നവ  പ്രതികൾ ചെയ്‌തതായി തെളിയിക്കാൻ  പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ഉമയനല്ലൂർ ബി. ദീപു, കൃഷ്‌ണൻ എസ്.രാജ്, അമൽ മേനോൻ തിരുനെല്ലിൽ, ലിജിൻ ഫെലിക്‌സ്, അരുൺ പ്രസാദ് എന്നിവർ ഹാജരായി. 

LEAVE A REPLY

Please enter your comment!
Please enter your name here