കെട്ടിക്കിടക്കുന്ന പരാതികള്‍ക്കായി അദാലത്തുകള്‍ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതികള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുമ്പോഴാണ് അദാലത്തുകള്‍ നടത്തുന്നത്. ഇപ്പോള്‍ നടത്തുന്ന തദ്ദേശ അദാലത്തുകളിലൂടെ നിയമപരമായി തീര്‍പ്പാക്കാവുന്ന മുഴുവന്‍ പരാതികളും പരിഹരിക്കും. ഇതു കഴിഞ്ഞാല്‍ അദാലത്തുകളേ ആവശ്യമില്ലാത്ത വിധം സംവിധാനം കാര്യക്ഷമമാക്കും. ഫയലുകളുടെ നീക്കങ്ങള്‍ സുതാര്യമാക്കുകയും ഇത് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയ്യും. അദാലത്തുകളിലൂടെ നിയമപരമായി സാധുതയുള്ള പരാതികള്‍ തീര്‍പ്പാക്കും. നിയമത്തിനകത്ത് നിന്നുകൊണ്ടേ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ. ഇതുവരെ പൂര്‍ത്തിയായ ഏഴ് അദാലത്തുകളിലായി 90% പരാതികള്‍ക്കും തീര്‍പ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വച്ച് കോര്‍പ്പറേഷനിലെ മണക്കാട്, വലിയശാല വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി മന്ത്രിക്ക് കൈമാറി.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അദാലത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി. കെ രാജു, വിവിധ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.