സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക്
കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞാറ്റുവേലകളില്‍ പ്രധാനമായ തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്ന ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തകളും കര്‍ഷകസഭകളും സംഘടിപ്പിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം റ്റി.എ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് (ജൂണ്‍ 22 ശനിയാഴ്ച്ച) വൈകുന്നേരം 4 മണിക്ക് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പരിപാടിയില്‍ ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ സംഭരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഞാറ്റുവേല കലണ്ടര്‍, ഞാറ്റുവേല ടേബിള്‍ കലണ്ടര്‍ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്യും. കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിനും, കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പാക്കുന്നതിനും, കാര്‍ഷിക മേഖലയില്‍ പ്രദേശികമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സംസ്ഥാനത്തുടനീളം ഞാറ്റുവേലച്ചന്തകളും കര്‍ഷക സഭകളും ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ സംഘടിപ്പിക്കുകയാണ്. കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടേയും സേവനം ഏറ്റവും താഴെത്തട്ടില്‍ ഫലപ്രദമായി എത്തിക്കുക എന്ന ഉദ്ദേശ്യമാണ് കര്‍ഷക സഭകള്‍ക്കുള്ളത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മുഴുവന്‍ കര്‍ഷകരെയും പങ്കാളികളാക്കിയാണ് കര്‍ഷകസഭകള്‍ സംഘടിപ്പിക്കുന്നത്. തിരുവാതിര ഞാറ്റുവേല വരെയുള്ള കാലയളവില്‍ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വില്‍പ്പനക്കും പ്രാദേശിക നടീല്‍ വസ്തുക്കളുടെ കൈമാറ്റം നടത്തുന്നതിനുമാണ് ഞാറ്റുവേല ചന്തകള്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുക.
വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ നിങ്ങൾക്ക് ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…
https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e