ഘോരഘോരം പ്രസംഗിക്കുന്നതല്ലാതെ കൊല്ലം എംപി ഒരു വികസനവും കൊണ്ട് വന്നിട്ടില്ലെന്ന് എം. മുകേഷ്

0
16

കൊല്ലം: എംപി ചെയ്തൂവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ ഏരിയയില്‍ വരാതിരുന്ന ആളാണ് കൊല്ലം എംപിയെന്നും കൊല്ലം പാര്‌ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. മുകേഷ്.  യുഎഡിഎഫ് സ്ഥാനാര്‍ഥിക്ക് കൊല്ലവും കേരളവും പ്രശ്‌നമല്ലെന്നും നിലനില്‍പ്പു മാത്രമാണു പ്രശ്‌നമെന്നും പറഞ്ഞു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/

എന്റെ വികസനം കാണണമെങ്കില്‍ ചിന്നക്കടയിലൂടെ 15 മിനിറ്റ് എങ്ങോട്ടെങ്കിലും നടന്നാല്‍ മതി. ചുറ്റിനും വികസനമാണ് എന്ന് കൊല്ലത്തെ എംപി പത്രക്കാരുടെ മുമ്പില്‍ പറഞ്ഞു. പല തവണ നടന്നുനോക്കിയിട്ടും ഒരു വികസനവും എനിക്ക് കാണാന്‍ പറ്റിയില്ല. 1944ലോ മറ്റോ നിര്‍മിച്ച ക്ലോക്ക് ടവറും 1904ല്‍ നിര്‍മിച്ച ലൈറ്റ് ഹൗസുമൊക്കെ അദ്ദേഹത്തിന്റെ വികസനമാണോ എന്നറിയില്ല. ചെയ്ത വികസനങ്ങള്‍ എന്തൊക്കെയാണെന്ന് ഉടന്‍ കാണിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ ഒന്നര മാസം എന്തിനാ ഇതൊക്കെ ഒളിച്ചു വച്ചത്. നേരത്തേ കാണിക്കേണ്ടതല്ലേ എന്നും പെരുമണ്‍ മേഖലയില്‍ നടന്ന സ്വീകരണ യോഗത്തില്‍ അദ്ദേഹം ചോദിച്ചു.
മലമറിക്കുന്ന കാര്യങ്ങള്‍ ഒന്നും എംപിക്ക് ചെയ്യാന്‍ പറ്റില്ല, കാരണം അവരുടേത് ഈര്‍ക്കില്‍ പാര്‍ട്ടിയാണ്. എങ്കിലും കാര്യങ്ങള്‍ ചെയ്യാനുള്ള ശ്രമം നടത്തണം. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിച്ചപ്പോള്‍ ഡല്‍ഹിയില്‍ കേരളം നടത്തിയ പ്രതിഷേധത്തില്‍ പോലും അവരുടെ പാര്‍ട്ടിയില്‍ നിന്നും ആരും പങ്കെടുത്തില്ല. ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നു, ആ ഏരിയയില്‍ വന്നില്ല. കാരണമെന്താ..? കേരളം എങ്ങനെയോ ആയിക്കോട്ട്. നമ്മുടെ കാര്യം ക്ലിയര്‍ ആകണം എന്നാണ് നിലപാട്. എതിര്‍ ചേരിയിലുള്ള പാര്‍ട്ടിക്കെതിരെ ഇവര്‍ സമരം ചെയ്യില്ല. കാരണം അങ്ങോട്ട് പോകാനാണോ ഇങ്ങോട്ട് വരാനാണോ ഒന്നും അറിയാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള മനഃസ്ഥിതി വച്ചോണ്ട് ഇരിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നും മുകേഷ് ചോദിച്ചു.
മറ്റ് രണ്ടു കക്ഷികളും കേരളത്തെ ഞെക്കി കൊല്ലാന്‍ വേണ്ടി, കേരളത്തെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുകയാണ് എന്ന വലിയ സത്യം ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തില്‍ ഏറെയായി കൊല്ലത്തിന്റെ മുക്കിലും മൂലയിലും പോയി. ഓരോ സ്ഥലത്തും നമ്മളെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ജന പങ്കാളിത്തമാണ്, ആവേശമാണ്. അതിന്റെ അര്‍ത്ഥം എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും മനസ്സിലായി എന്നതാണ്. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവര്‍ക്കും ഒരു പോലെ മനസ്സിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഒരു വലിയ തീരുമാനം എടുക്കേണ്ട ദിവസമാണെന്നും എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ പത്ത് കൊല്ലമായി എടുത്ത തീരുമാനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍ അതു തിരുത്തുവാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഇന്നലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ പോയപ്പോള്‍ ജന ബാഹുല്യമായിരുന്നു. ജനങ്ങളുടെ ഒക്കെ മുഖത്ത് നിന്നും മനസ്സിലാകുന്നത് ഞങ്ങളെ ഭിന്നിപ്പിക്കാനോ ഞങ്ങളില്‍ വെറുപ്പ് ഉണ്ടാക്കാനോ സാധിക്കില്ലെന്നും ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും എന്നൊക്കെയുള്ള കാര്യങ്ങളാണ്. എംഎല്‍എ എന്ന നിലയില്‍ കൊല്ലം മണ്ഡലത്തില്‍ മാത്രമായിരുന്നു ഇതുവരെ എനിക്ക് വികസനം കൊണ്ടു വരാന്‍ കഴിഞ്ഞത്. ഏഴരക്കൊല്ലം മുമ്പ് ഞാന്‍ സ്ഥാനാര്‍ഥി ആകുമ്പോള്‍ ഇപ്പറഞ്ഞ ആളുകള്‍ എല്ലാം തന്നെ ഒരു സിനിമാനടന് എന്ത് ചെയ്യാന്‍ പറ്റും, അയാള്‍ക്ക് അഭിനയിക്കാനല്ലേ അറിയാവു എന്നൊക്കെ ഒരുപാട് പരിഹാസങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഏഴരക്കൊല്ലം കൊണ്ട് 1748 കോടിയുടെ വികസനം കൊല്ലം മണ്ഡലത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു, എന്ന് പറഞ്ഞാല്‍ പരിഹസിച്ചവരുടെ നാവ് അടച്ചു, ഇപ്പോള്‍ അവര്‍ക്ക് ഒന്നും പറയാന്‍ ഇല്ലെന്നും മുകേഷ് പറഞ്ഞു.

വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ
അനന്ത ന്യൂസിൽ അം​ഗമാകാം….ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here