സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് ‘പുസ്തകതോണി’ എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായല്‍ കാറ്റില്‍ പുസ്തകങ്ങള്‍ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളില്‍ ഒരു വര്‍ഷം മുന്‍പ് നടപ്പിലാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈര്‍ഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടില്‍ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ ബോട്ടിലാണ് യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് ബോട്ടില്‍ സജ്ജമാക്കിയത്. കഥയും കവിതയും നോവലും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാര്‍ക്ക് ഇത് സൗജന്യമായി വായിക്കാം. പ്രായഭേദമന്യേ എല്ലാവരും മൊബൈല്‍ ഫോണിലായപ്പോള്‍ അന്യം നിന്നുപോയ വായനാശീലം തിരികെ എത്തിക്കുകയാണ് ‘പുസ്തകത്തോണി’ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് സ്‌കൂള്‍ അധികൃതരും സംസ്ഥാന ജലഗതാഗത വകുപ്പും ഒപ്പം നിന്നതോടുകൂടിയാണ് വായനയുടെ ലോകത്തേക്ക് പൊതുഗതാഗത സംവിധാനം കൂടി കടന്നു വരുന്നത്. ഈ വിഷയത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പിന്റെ മറ്റു മേഖലകളിലെ ബോട്ടുകളില്‍ കൂടി പുസ്തകത്തോണി ഒരുക്കുവാന്‍ അതാത് മേഖലകളിലെ സ്‌കൂളുകളും മറ്റ് സന്നദ്ധ സംഘടനകളും ആയി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ബോട്ടുകളില്‍ പുസ്തകത്തോണി നടപ്പിലാക്കുവാനാണ് ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ കൂടുതല്‍ ജനസൗഹൃദ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വാർത്ത വായിക്കാം👇
വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ നിങ്ങൾക്ക് ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY
വാട്‌സ്അപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…
https://whatsapp.com/channel/0029VaMsRryAu3aLVZ4fuc2e